07:49am 12 November 2026
NEWS
നഗരവികസനത്തിൽ ചരിത്ര നേട്ടം : ഖത്തറിന്റെ അടിസ്ഥാന സൗകര്യ ഭൂപടം പുതുക്കി ‘അഷ്‌ഗാൽ’
16/12/2025  11:18 AM IST
nila
നഗരവികസനത്തിൽ ചരിത്ര നേട്ടം : ഖത്തറിന്റെ അടിസ്ഥാന സൗകര്യ ഭൂപടം പുതുക്കി ‘അഷ്‌ഗാൽ’

ദോഹ:ഖത്തറിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നിർണായകമായ മാറ്റങ്ങൾ സൃഷ്ടിച്ച് പബ്ലിക് വർക്സ് അതോറിറ്റി (അഷ്‌ഗാൽ) 12 വർഷത്തെ ശ്രദ്ധേയമായ നേട്ടങ്ങൾ പൂർത്തിയാക്കി. 2013 മുതൽ 2025-ന്റെ രണ്ടാം പാദം വരെ, രാജ്യത്തെ റോഡ് ശൃംഖല, ഹൈവേകൾ, ഡ്രെയിനേജ് സംവിധാനം, പൊതു കെട്ടിടങ്ങൾ, ഹരിതമേഖലകൾ, സുസ്ഥിര ഗതാഗത സംവിധാനം എന്നിവയിൽ ഗുണപരമായ മുന്നേറ്റമാണ് അഷ്‌ഗാൽ കൈവരിച്ചത്.81 ബില്ല്യൺ റിയാൽ മൂല്യമുള്ള പുതിയ തന്ത്രപ്രധാന പദ്ധതികളോടെയാണ് അഷ്‌ഗാൽ അടുത്ത വികസനഘട്ടത്തിലേക്ക് കടക്കുന്നത്. ഇതിന്റെ ഭാഗമായി 44,000 സേവനസജ്ജമായ പ്ലോട്ടുകളും 19,000 അടിസ്ഥാന സൗകര്യ കണക്ഷനുകളും ഒരുക്കിയതായി അധികൃതർ അറിയിച്ചു. നഗരവ്യാപ്തിയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള വളർച്ചയാണ് രേഖപ്പെടുത്തിയത്.ദേശീയ  വികസനത്തിൽ മാതൃകയായി മാറുന്ന രീതിയിൽ ലോകലൈസേഷൻ നിരക്ക് 320 ശതമാനത്തേക്കാൾ ഉയർന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. അതോടൊപ്പം, 1,250 ഇലക്ട്രിക് ചാർജിങ് യൂണിറ്റുകൾ സ്ഥാപിച്ച് സുസ്ഥിര ഗതാഗത സംവിധാനത്തിന് പൂർണ്ണ പിന്തുണയും നൽകി.
പരിസ്ഥിതി സൗഹൃദ വികസനത്തിന്റെ ഭാഗമായി 4,510 ടൺ പുനരുപയോഗിച്ച വസ്തുക്കളും 3,63,000 ചതുരശ്ര മീറ്റർ ഹരിതമേഖലകളും സൃഷ്ടിച്ചു. ഖത്തർ നാഷണൽ വിഷൻ 2030-നനുസൃതമായ തന്ത്രപരമായ പദ്ധതികളിലൂടെയാണ് ഈ നേട്ടങ്ങൾ കൈവരിച്ചതെന്ന് അഷ്‌ഗാൽ വ്യക്തമാക്കി.
ഗതാഗത മന്ത്രാലയം ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളുടെയും സ്വകാര്യ മേഖലയുടെയും  സഹകരണമാണ് ഈ വിജയങ്ങൾക്ക് പിന്നിലെന്നും നഗര-സാമ്പത്തിക വളർച്ചയ്ക്ക് പിന്തുണ നൽകുന്ന സുസ്ഥിര അടിസ്ഥാന സൗകര്യ പദ്ധതികൾ തുടരുമെന്നും അഷ്‌ഗാൽ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img